കൊച്ചി: അത്യാധുനിക സാങ്കേതികവിദ്യയായ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) ഉപയോഗിച്ചുള്ള കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി.
ചേർത്തല സ്വദേശിയായ 57കാരനിലാണു ശസ്ത്രക്രിയ നടത്തിയത്. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആസ്റ്റർ മെഡ്സിറ്റിയിലെ ലീഡ് കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോ. വിജയമോഹന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണു ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ കാഴ്ചയിലേക്ക് ഡിജിറ്റൽ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഓഗ്മെന്റഡ് റിയാലിറ്റി.
ശസ്ത്രക്രിയയ്ക്കിടയിലുണ്ടാകാൻ സാധ്യതയുള്ള ചെറിയ പിഴവുകൾ പോലും പൂർണമായും ഒഴിവാക്കാനും ശസ്ത്രക്രിയ അതീവ സുരക്ഷിതമായി പൂർത്തിയാക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ആശുപത്രി സിഇഒ ഡോ. നളന്ദ ജയദേവ് പറഞ്ഞു.